Tuesday, February 24, 2009

മഴ തോരാത്ത വീട്ടിലേക്ക്

മഴ അലറിക്കരഞ്ഞ ഒരു ഇരുട്ടിലാണ്
എണ്ണമില്ലാത്ത രാത്രികള്‍ നെയ്ത
സ്വപ്‌നങ്ങള്‍ പെറുക്കി വെച്ചു
മണ്‍ വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും
നഗരത്തിന്റെ ചുവന്ന പിന്‍ വെളിച്ചത്തിലേക്ക്
സ്വയം ചിതറി കനകം വിരിയുന്ന മണല്‍ പാടം
തേടി ജീവിതം പറന്നു പോയത്...

പണയം മുറിവേല്പ്പിച്ച മനസ്സിന് മുന്നില്‍,
തൊട്ടിലില്‍ തേങ്ങിയുറങ്ങിയ
വിശപ്പിന്‍ ദൈന്യതകള്‍ക്ക് മുന്നില്‍,
അമ്മയുടെ നെഞ്ചില്‍ നിശബ്ദമായ
കടലിനു മുന്നില്‍,
ഒരിക്കലും മിഴി തോരാത്ത
പ്രാര്‍ത്ഥനകള്‍ക്ക് മുന്നില്‍,
ഹൃദയം അതിന്റെ ഏകാന്ത
താളത്തില്‍ മുറുകുമ്പോള്‍
ചുറ്റും പറന്നു മാറിയ
മേഘക്കീറുകള്‍ക്കിടയിലൂടെ
അരിച്ചെത്തിയ നിലാവെളിച്ചം
പ്രതീക്ഷകളുടെ കുമിളകള്‍ക്ക് തിളക്കം കൂട്ടിയോ?

നീണ്ട കാത്തിരുപ്പുകള്‍ക്കൊടുവില്‍
ഉറഞ്ഞു തുള്ളിയ പൊടിക്കാറ്റും
ചുട്ടു പൊള്ളുന്ന മണല്‍ക്കാടും
കനിഞ്ഞു നല്കിയത്
എത്ര കൂട്ടിക്കിഴിച്ചാലും തെറ്റുന്നൊരു
ജന്മത്തിന്റെ മായാ ഗണിതമായിരുന്നു.

വായിച്ചു പോയ വാക്കുകളില്‍-
ഓരോ നിമിഷവും കടക്കാരനായി.
വരണ്ടുപോയ തൊണ്ടയില്‍ നനവ് പറ്റാതെ
സൂക്ഷിച്ചതോക്കെയും പരിദേവനത്തിന്റെ
നെടുനീളന്‍ പട്ടികയില്‍ അലിഞ്ഞുചേര്‍ന്നു...
നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്ക്‌ വായിച്ചെടുക്കാന്‍
കഴിയാത്ത അക്ഷരങ്ങള്‍ പോലെ
സ്വപ്‌നങ്ങള്‍ കലങ്ങിയിരുന്നു,
ഓര്‍മ്മ പോലെ കുതിര്‍ന്ന
വാക്കുകള്‍ ഉള്ളിലഗ്നിയായി
ഒരു തിരിച്ചു പോക്ക്...
ഇടനെഞ്ചില്‍ പടരുന്ന തീച്ചൂടില്‍
പൊതിഞ്ഞെടുക്കുവാന്‍ പാതി മുറിഞ്ഞ
കിനാവിന്‍ കൊടിയും,പ്രതീക്ഷയും..
പിന്നെ ...
പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!!

<>

55 കൂട്ടുകാര്‍ എഴുതിയത്:

...പകല്‍കിനാവന്‍...daYdreamEr... said...

പിന്നെ ...
പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹം
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!!

ശിവകാമി said...

ഇന്ന് തേങ്ങാ ഞാനാ ഉടക്കുന്നത്. കൊള്ളാം പ്രവാസി...! ആകെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു വായിച്ചു തീര്‍ന്നപ്പോള്‍.

shine അഥവാ കുട്ടേട്ടൻ said...

പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര

എല്ല പ്രവാസികളുടെയും അവസ്ഥ ഇതിലുണ്ട്‌..വളരെ ഇഷ്ടമായി..

The photographer said...

ഈ വരികളിൽ എനിക്കു കാണാം,നാടിനെ ഒരു പാട്‌ സ്നേഹിക്കുന്ന ഒരു മനസ്സിനെ.......ഈ കവിത നമ്മെ വീണ്ടും വീണ്ടും നമ്മുടെ വേരുകളെക്കുറിച്ച്‌ വേവലാതിപ്പെടുത്തും...
നന്ദി...പകലേട്ടാ....

വേറിട്ട ശബ്ദം said...

അത്‌ ഞാൻ തന്നെയായിരുന്നു പകലേട്ടാ....അറിയാതെ പ്രോഫെയിലിൽ പേരു മാറ്റിയതാണ്‌.......പുതിയ ബ്ലോഗറുടെ പ്രശ്നങ്ങൾ....
ഒരിക്കൽ കൂടി ആശംശകൾ...

Prayan said...

നല്ല കവിതയും അതിന്റെ എസന്‍സ് മനസ്സിലാക്കിയ അഭിപ്രായങ്ങളും....സന്തോഷലബ്ധിക്കിനിയെന്തുവേണം...

ജ്വാല said...

പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങള്‍ വായനക്കാരിലേക്കും എത്തുന്നു...
ആശംസകള്‍

പുരികപുരാണം said...

പകല്കിനാവാ അറം പറ്റുമോ എന്നറിയില്ല. ഇന്നു ആര് പേര്ക്ക് ടെര്മിനേഷന്‍് നിന്ന നില്പില്‍ കിട്ടി. നാളെ ഒന്‍പതു പേര്‍ കൂടി ഉണ്ടെന്നാ കേട്ടത്.

പുരികപുരാണം said...

പകല്കിനാവാ അറം പറ്റുമോ എന്നറിയില്ല. ഇന്നു ആര് പേര്ക്ക് ടെര്മിനേഷന്‍് നിന്ന നില്പില്‍ കിട്ടി. നാളെ ഒന്‍പതു പേര്‍ കൂടി ഉണ്ടെന്നാ കേട്ടത്.

sreeNu Guy said...

എന്നത്തേയും പോലെ നന്ന്

കാന്താരിക്കുട്ടി said...

പ്രവാസികളുടെ നൊമ്പരം ഒരു നൊമ്പരമായി.

Rose Bastin said...

വെറും കൈയാലൊരു മടക്കയാത്ര!!
പ്രവാസിയുടെ ദു:ഖംഹൃദയസ്പർശിയായി!!

ചാണക്യന്‍ said...

“ പണയം മുറിവേല്പ്പിച്ച മനസ്സിന് മുന്നില്‍,
തൊട്ടിലില്‍ തേങ്ങിയുറങ്ങിയ
വിശപ്പിന്‍ ദൈന്യതകള്‍ക്ക് മുന്നില്‍“- നല്ല വരികള്‍ മാഷെ.....

നൊമ്പരമുണര്‍ത്തുന്ന എഴുത്ത്...അഭിനന്ദനങ്ങള്‍...

shihab mogral said...

പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര
ആ സ്നേഹം മാത്രമല്ലേ നമ്മുടെ സമ്പാദ്യം... അതിനു വേണ്ടിയല്ലേ ഇതൊക്കെ..

ഈ തോന്നലുകള്‍ പങ്കിടാന്‍ ഒരാളുണ്ടെന്നറിയുന്നു കവിതയിലൂടെ.. ആശംസകള്‍

വീ കെ said...
This comment has been removed by the author.
വീ കെ said...

‘പാവം പ്രവാസി‘

പാവപ്പെട്ടവന്‍ said...

നൊമ്പരം പനിച്ചു കിടക്കുന്ന പ്രവാസ മനസ്സുകളുടെ ആകെ ചിത്രം ഈ കവിതയില്‍ വരച്ചിട്ടിരിക്കുന്നു .ആയിരങ്ങളുടെ നനഞ്ഞ മനസ്സോടെയുള്ള തിരിച്ചു പോക്ക് വിതൂരമാല്ലന്നു ഓര്ക്കണം . നീറുന്ന മനസ്സോടെ ആശംസകള്‍

ശിവ said...

എന്തിനാ ഇങ്ങനെയൊരു മടക്കയാത്ര...

ഹരീഷ് തൊടുപുഴ said...

പിന്നെ ...
പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!!

sereena said...

പാതി മുറിഞ്ഞ കിനാവിന്‍റെ
കൊടിയില്‍ കാലം തുന്നി ചേര്‍ക്കട്ടെ
മഴ തോരാത്ത വീടിന്‍റെ വസന്തം..

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ... ടച്ചിങ്ങ്

പാറുക്കുട്ടി said...

ഒരു പ്രവാസിയുടെ മനസ്സ് അതേപ്പടി പകർത്തിയിരിക്കുന്നു. പകലിന്റെ ഈ കവിത ഒരുപാട് മനസ്സുകളെ പ്രതിനിധീകരിക്കുന്നു. മറ്റു കവിതകളെപ്പോലെ ഇതും മനോഹരം. ആശംസകൾ!

mayilppeeli said...

തീപോലെ പൊള്ളുന്ന വാക്കുകള്‍.....ഓരോ പ്രവാസിയുടെയും ജീവിത ചിത്രം......

വളരെ നന്നായിട്ടുണ്ട്‌.....

ശ്രീഇടമൺ said...

വരണ്ടുപോയ തൊണ്ടയില്‍ നനവ് പറ്റാതെ
സൂക്ഷിച്ചതോക്കെയും പരിദേവനത്തിന്റെ
നെടുനീളന്‍ പട്ടികയില്‍ അലിഞ്ഞുചേര്‍ന്നു...
നിറഞ്ഞൊഴുകിയ കണ്ണുകള്‍ക്ക്‌ വായിച്ചെടുക്കാന്‍
കഴിയാത്ത അക്ഷരങ്ങള്‍ പോലെ
സ്വപ്‌നങ്ങള്‍ കലങ്ങിയിരുന്നു,
ഓര്‍മ്മ പോലെ കുതിര്‍ന്ന
വാക്കുകള്‍ ഉള്ളിലഗ്നിയായി
ഒരു തിരിച്ചു പോക്ക്...

ജീവിതമാകുന്ന പ്രവാസത്തിന്റെ സര്‍വ്വ ദുഖങ്ങളും പേറുന്ന പ്രവാസികളുടെ "മഴ തോരാത്ത വീട്ടിലേക്ക്....."outstanding"

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നൊമ്പരമുണര്‍ത്തുന്ന ഒരു കവിത കൂ‍ടി

Bindhu Unny said...

“ഇടനെഞ്ചില്‍ പടരുന്ന തീച്ചൂടില്‍
പൊതിഞ്ഞെടുക്കുവാന്‍ പാതി മുറിഞ്ഞ
കിനാവിന്‍ കൊടിയും,പ്രതീക്ഷയും..“ - പ്രതീക്ഷ കൈവെടിയരുത്.

ജെപി. said...

""പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!! ""

എന്നെ കഥയെഴുതാന്‍ ഒരാള്‍ ആവേശം തന്നു.
കവിതകള്‍ വായിക്കുമ്പോള്‍ കുത്തിക്കുറിക്കാന്‍ തോന്നയ്കയില്ല.
തേജസ്വിനിയുടെ കവിതകളാണെന്നെ ഏറ്റവും ആകര്‍ഷിച്ച ബ്ലോഗ് കവിത. പിന്നെ ഞാന്‍ ശ്രീ ദേവി നായരുടെയും, മാണിക്ക്യത്തിന്റെയും, ഗീതാഗീതികളേയും, ഇപ്പോ ഇതാ താങ്കളെയും ശ്രദ്ധിക്കുന്നു..
കവിതയെഴുത്ത് ഒരു കണക്കിലെളുപ്പമുള്ള പണിയാണല്ലോ?.. ഞാന്‍ ഒരു നോവലിന് തിരി കൊളുത്തിക്കഴിഞ്ഞു, അതൊന്ന് എഴുതിത്തീര്‍ക്കാന്‍ പെടുന്ന പാട് ചില്ലറയല്ല..
കവിതകാളാണെങ്കില്‍ ദിവസത്തിലെ അഞ്ചുപത്തെണ്ണം പടച്ച് വിടാമായിരുന്നേനെ.

എന്റെ എല്ലാ ഭാവുകങ്ങളും.......

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പകലേ, സാമ്പത്തിക പ്രതിസന്ധി ബാധിച്ചൊ?

കൊണ്ടു.ശരിക്കും.

The Eye said...

ഇനിയും.. പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല...!

shajkumar said...

കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച്
വെറും കൈയാലൊരു മടക്കയാത്ര!!


അരുത്‌ സഖെ..ഇനിവരും കാലങ്ങളും കനല്‍ കനവുകള്‍ തന്നാലും...

Thallasseri said...

മലയാളി പ്രവാസം അതിണ്റ്റെ മുഴുവന്‍ അര്‍ഥത്തിലും അറിഞ്ഞത്‌ ഗള്‍ഫിലാണല്ലോ, അല്ലേ.ആ മനസ്സിലെ നെരിപ്പോട്‌ അറിയാന്‍ കഴിഞ്ഞു.

തേജസ്വിനി said...

വായിച്ചു പോയ വാക്കുകളില്‍-
ഓരോ നിമിഷവും കടക്കാരനായി.

nalla varikaL Pakal....
Ketta vaakkukaLilum, allE????

pravaasathinte vEdana pravaasi allenkilum nhaanum ariyunnu!!!

നിലാവ് said...

മാഷേ നല്ല വരികള്‍... മനസ്സില്‍ തട്ടുന്ന വരികള്‍...
ഒരുപാടു പേരുടെ മടക്കയാത്ര കണ്ടു ഈ ദിവസങ്ങളില്‍.
ഒരിക്കലും കൈവിടാന്‍ പറ്റാത്ത പ്രതീക്ഷകള്‍ ആണല്ലോ, നമ്മെ നാളേക്ക് വേണ്ടി കാത്തിരിപ്പിക്കുന്നതു.

നന്മകള്‍ നേരുന്നു.

കരീം മാഷ്‌ said...

"വെറും കൈയാലൊരു മടക്കയാത്ര!!"

ഒഴിവാക്കാന്‍ കഴിയുന്നത്ര പിശുക്കുക
ആവശ്യത്തിനു പണം ചെലവാക്കാതിരിക്കുക
അത്യാവശ്യത്തിനു പണം ചെലവിടുക

Melethil said...

"പൊള്ളിയാലും കൈവിടാതെ
കനലുപോലെരിയുന്ന സ്നേഹവും
ബാക്കി വെച്ച് "

!!!!!

നാടകക്കാരന്‍ said...

കിനാവാ..ഈ കിനാവും കണ്ടിരുന്നീട്ടല്ലേ..ഇങ്ങനെ പണീക്കും പോകൂല്ല ...രാവിലെ മുതല്‍ വൈകുന്നേരം വരെ ബ്ലോഗില്‍ കിനാവും...പിന്നെ എങ്ങിനെയാ...നല്ല ആളാ ...ഉപദേശിക്കുന്നത്..കെട്ടോ...ഇതു പോലെ ഞാനും ഒരു മടക്കയാത്രയ്കൊരുങ്ങൂകയാ‍
പണയം തീര്‍ത്തടച്ച് തിരിച്ചു വാങ്ങീയപ്പോള്‍ ശൂന്യമായ കൈയ്യോടേ തന്നെയാണ് എന്റെയും മടക്കം..നമ്മളെപ്പോലുള്ളവര്‍ക്ക് കിനാവുകാണാതിരിക്കാന്‍ പറ്റുമോ കിനാവാ അല്ലേ..അതല്ലേ..സിരകളില്‍ ഇന്നും ജീവന്‍ നിലനിര്‍ത്തുന്നത്..അല്ലേ..പണമില്ലേലും കിനാവുണ്ടല്ലോ നമുക്കു കൂട്ടായ് എന്നും ..അങ്ങിനെ ആശ്വസിക്കാം

PR REGHUNATH said...

പ്രിയ സുഹൃത്തേ,
എല്ലാ പ്രവാസങ്ങളും ഇങ്ങനെത്തന്നെ.
ആശംസകള്‍.

പാവത്താൻ said...

പൊള്ളിയാലും കൈവിടാത്ത കനലു പോലെരിയുന്ന സ്നേഹം ....
ഒന്നുമൊരിക്കലും വെറുതെയാവില്ല.... ഒരു സൂര്യകാന്തിപ്പാടം എവിടെയോ നമുക്കായി പൂത്തുനിൽപ്പുണ്ടാവും.(ഹരികുമാറിന്റെ കഥയോർക്കുന്നു)

മുജീബ് കെ.പട്ടേല്‍ said...

പ്രവാസം ഒരു മുറിവാണ്. പലരും നിര്‍ബന്ധിതരായാണ് പ്രവാസം വരിക്കുന്നത്. ചിലയിടങ്ങളില്‍ ഒരു മാമൂല്‍ പോലെയാണത്. ഒരു പ്രായം കഴിഞ്ഞാല്‍ അതിനുവേണ്ടി കാത്തിരിക്കുന്നവരുമുണ്ട്.

വാല്‍ക്കഷ്ണം :
കലുങ്കിലിരിക്കുന്ന ഒരു പറ്റം യുവാക്കളോട് പോലീസ് : എന്താടാ ഇവിടിരിക്കുന്നത്?
യുവാക്കള്‍ : സാറെ, ഞങ്ങള്‍ വിസക്ക് കാത്തിരിക്കുകയാണ്.

ജുനൈദ് ഇരു‌മ്പുഴി said...

വെറും കൈയാലൊരു മടക്കയാത്ര!!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

പണയം മുറിവേല്പ്പിച്ച മനസ്സിന് മുന്നില്‍,
തൊട്ടിലില്‍ തേങ്ങിയുറങ്ങിയ
വിശപ്പിന്‍ ദൈന്യതകള്‍ക്ക് മുന്നില്‍,
അമ്മയുടെ നെഞ്ചില്‍ നിശബ്ദമായ
കടലിനു മുന്നില്‍,

എന്താ വരികള്‍, പകലെ ഉള്ളത് പറയാല്ലോ നീ ഒരു സംഭവം തന്നെ

pattepadamramji said...

ശക്തമായ ഭാഷയില്‍ മനസ്സില്‍ തുളഞ്ഞു കയറുന്ന വരികള്‍.
പ്രവാസ ജീവിതത്തിണ്റ്റെ ഒരു ചെറുനൊമ്പരം
ഈ ചെറിയ ഫ്രെയിമില്‍ അവതരിപ്പിച്ചതിന്‌ നന്ദി.

മനോജ് മേനോന്‍ said...

ഒരു പ്രവാസിയുടെ തൊണ്ടയില്‍ കുടുങ്ങിയ രോദനം

B Shihab said...

kollam

വരവൂരാൻ said...

പണയം മുറിവേല്പ്പിച്ച മനസ്സിന് മുന്നില്‍,
തൊട്ടിലില്‍ തേങ്ങിയുറങ്ങിയ
വിശപ്പിന്‍ ദൈന്യതകള്‍ക്ക് മുന്നില്‍,
അമ്മയുടെ നെഞ്ചില്‍ നിശബ്ദമായ
കടലിനു മുന്നില്‍,
ഒരിക്കലും മിഴി തോരാത്ത
പ്രാര്‍ത്ഥനകള്‍ക്ക് മുന്നില്‍,

പകലേ പൊള്ളുന്ന യഥാർത്ഥ്യം. കിനാവിൽ പോലും ഭയക്കുന്നത്‌
മുൻപു വായിച്ചു പോയിരുന്നു. മനോഹരം

നരിക്കുന്നൻ said...

കനലെരിയുന്ന വാക്കുകൾ കൊണ്ട് മായാജാലം സൃഷ്ടിക്കുന്ന പകൽകിനാവാ കവിത അതിമനോഹരം, പക്ഷേ, ഈ തീയാളുന്ന വരികൾ മനസ്സിനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. അതേ ഒരു പ്രവാസിക്ക് ഈ വാക്കുകൾ നന്നായി മനസ്സിലാകും.

പാതിമുഖം കാണിച്ച് ഒരു ചെറുപുഞ്ചിരിയോടെ ഞങ്ങളോട് ഇങ്ങനെ കാഠിന്യമേറിയ വാക്കുകൾകൊണ്ട് സംവദിക്കുന്ന പകൽക്കിനാവന് അഭിനന്ദനങ്ങൾ!

ഇ.എ.സജിം തട്ടത്തുമല said...

ഞാൻ ഇടയ്ക്കിടെ ഇങ്ങോട്ടു വന്നു നോക്കുന്നുണ്ട് കേട്ടോ, പകൽക്കിനാവൻ സുഹ്ര്‌ത്തേ. കവിതകൾ എല്ലാം ഒന്നിനൊന്നു മെച്ചം.

...പകല്‍കിനാവന്‍...daYdreamEr... said...

ശിവകാമി
shine അഥവാ കുട്ടേട്ടൻ
The photographer
വേറിട്ട ശബ്ദം
Prayan
ജ്വാല
പുരികപുരാണം
sreeNu Guy
കാന്താരിക്കുട്ടി
Rose Bastin
ചാണക്യന്‍
shihab mogral
വീ കെ
പാവപ്പെട്ടവന്‍
ശിവ
ഹരീഷ് തൊടുപുഴ
sereena
ശ്രീ
പാറുക്കുട്ടി
mayilppeeli
ശ്രീഇടമൺ
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
Bindhu Unny
ജെപി
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
The Eye
shajkumar
Thallasseri
തേജസ്വിനി
നിലാവ്
കരീം മാഷ്‌
Melethil
നാടകക്കാരന്‍
PR REGHUNATH
പാവത്താൻ
മുജീബ് കെ.പട്ടേല്‍
ജുനൈദ് ഇരു‌മ്പുഴി
കുറുപ്പിന്‍റെ കണക്കു പുസ്തകം
pattepadamramji
മനോജ് മേനോന്‍
B Shihab
വരവൂരാൻ
നരിക്കുന്നൻ
ഇ.എ.സജിം തട്ടത്തുമല

പ്രിയ കൂട്ടുകാരെ...ഒത്തിരി സന്തോഷം
നന്ദി... ഈ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും....
വായിച്ചു പോയ സുഹൃത്തുക്കള്‍ക്കും ഒത്തിരി നന്ദി...
തുടര്‍ന്നും നിങ്ങളുടെ ഈ വിലയേറിയ വാക്കുകളും വായനയും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു...

എം.അഷ്റഫ്. said...

എങ്കിലും അവസാനംവരെ പിടിച്ചു നില്‍ക്കണം
എന്നു പറയാന്‍ വരട്ടെ,
ഒരു സുഹൃത്തിന്റെ സങ്കടം നേരിട്ടു കണ്ടു മടങ്ങിയ ശേഷമാണ്‌
പകല്‍ കിനാവിലെ ഈ നൊമ്പരം കൂടി വായിക്കാനായത്‌.
ഹൃദയാഘാതം വന്ന്‌ രക്ഷപ്പെട്ട പ്രവാസി സുഹൃത്ത്‌ ഗ്രേസ്‌ പീരയഡിലാണ്‌ ഇപ്പോഴത്തെ ജീവിതമെന്ന്‌ പറയാറുണ്ടായിരുന്നുവത്രെ.
അങ്ങനെ നാട്ടിലേക്ക്‌ പോയ അയാളെയൊന്നു വിളിക്കാന്‍ എന്റെ സുഹൃത്തിന്‌ തത്രപ്പാടുകള്‍ക്കിടയില്‍ കഴിഞ്ഞില്ല. വിളിക്കാനുള്ള മോഹം നീണ്ടു നീണ്ടു പോയപ്പോള്‍ അങ്ങേത്തലക്കല്‍ അയാള്‍ ഇല്ലായിരുന്നു.
ഇപ്പോള്‍ എന്റെ സുഹൃത്ത്‌ ആരെയെങ്കിലും വിളിക്കാന്‍ ഉദ്ദേശിച്ചാല്‍ ഒട്ടും മാറ്റിവെക്കാറില്ല.
നമ്മുടെ ഓരോരോ സങ്കടങ്ങള്‍?

Prasanth. R Krishna said...

ഇടനെഞ്ചില്‍ പടരുന്ന തീച്ചൂടില്‍
പൊതിഞ്ഞെടുക്കുവാന്‍ പാതി മുറിഞ്ഞ
കിനാവിന്‍ കൊടിയും,പ്രതീക്ഷയും..

പകല്‍ കിനാവാ, നന്നായിരിക്കുന്നു കവിത. ഒരുപ്രവാസിയുടെ ഉത്കണ്ഠയും മിഴിനീരും ഒക്കെ ഒപ്പിവച്ച ഒരു നല്ല കവിത. അഭിനന്ദനങ്ങള്‍.

Prasanth. R Krishna said...

അന്‍പതാമത്തെ കമന്റ് ഇട്ടതിന് ചിഅലവ് വേണം ട്ടോ. ഇല്ലങ്കില്‍ ഇനി ഞാന്‍ ഈ വഴി വരില്ല പറഞ്ഞേക്കാം.

SreeDeviNair.ശ്രീരാഗം said...

വെറുംകൈകള്‍
കൈക്കുമ്പിളാകുമ്പോള്‍...
അറിയാതെ..അകലങ്ങളില്‍
നിന്നും..നിധിനിറയും!

ആശംസകള്‍

സ്വന്തം,
ചേച്ചി

hAnLLaLaTh said...

പ്രവാസത്തിന്റെ പറിച്ചു നടലുകളില്‍
എവിടെയും വേര് പിടിക്കാത്തവര്‍,...!

പൊള്ളിക്കുന്ന ആശയം തീവ്രമായി തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍...

രണ്‍ജിത് ചെമ്മാട്. said...

മാഷേ അറം പറ്റുന്നതൊന്നും എഴുതിവയ്ക്കല്ലേ....
വളരെ ലളിതമായ ചേരുവകള്‍....! മനോഹരം
വൈകിയെത്തിയതിന് ക്ഷമിക്കുക..

വിജയലക്ഷ്മി said...

"അമ്മയുടെ നെഞ്ചില്‍ നിശബ്ദമായ
കടലിനു മുന്നില്‍,
ഒരിക്കലും മിഴി തോരാത്ത
പ്രാര്‍ത്ഥനകള്‍ക്ക് മുന്നില്‍,
ഹൃദയം അതിന്റെ ഏകാന്ത
താളത്തില്‍ മുറുകുമ്പോള്‍
ചുറ്റും പറന്നു മാറിയ
മേഘക്കീറുകള്‍ക്കിടയിലൂടെ"
കവിത നന്നായിരിക്കുന്നു മോനെ ..മനസ്സില്‍ തട്ടി നോവിക്കുന്ന വരികള്‍ ....

കവിത നന്നായിരിക്കുന്നു മോനെ ..മനസ്സില്‍ തട്ടി നോവിക്കുന്ന വരികള്‍ ....